ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതിയായി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. വിദഗ്ധ സമിതിയാണ് വാക്സീന് അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഉപയോഗിക്കുന്ന മറ്റ് രണ്ട് വാക്സീനുകള്‍.
ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയില്‍ വാക്സീന്റെ നിര്‍മ്മാണ അനുമതിയുള്ളത്. റഷ്യന്‍ വാക്സീനായ സ്പുട്നിക്കിന് 91.6 ശതമാനം ഫലപ്രാപ്തിയാണ് അവകാശപ്പെടുന്നത്. നിലവില്‍ ലഭ്യമായ കൊവിഷീല്‍ഡിനും കൊവാക്സീനും എഴുപത് ശതമാനത്തിനടുത്താണ് ഫലപ്രാപ്തി പറയുന്നത്.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അനുമതി നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നും ഒന്നര ലക്ഷത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,35,27,717 ആയി. രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,21,56,529 പേര് രോഗമുക്തി നേടി. നിലവില്‍ 12,01,009 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 10,45,28,565 പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗവ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ ഞായറാഴ്ച 63,294 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. മരണസംഖ്യ 57,987 ലേക്കെത്തി. 5.65 ലക്ഷം പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് 1,68,912 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 1.35 കോടി പിന്നിട്ടു. ബ്രസീലിന്റെ 1.34 കോടി രോഗബാധിതര്‍ എന്ന കണക്കാണ് ഇന്ത്യ മറികടന്നത്. 3 കോടി 11 ലക്ഷത്തി 97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആണ്.
Discussion about this post