ചണ്ഡീഗഡ്: പഞ്ചാബില്‍ കൊവിഡ് വാക്സിനേഷന് വിതരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചലച്ചിത്ര താരം സോനു സൂദ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആണ് താരത്തെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദര്‍ സിംഗ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മരുന്ന് എടുക്കാന്‍ ആളുകളെ പ്രചോദിപ്പിക്കാനും സ്വാധീനിക്കാനും കൂടുതല്‍ അനുയോജ്യനായ മറ്റൊരാള്‍ ഇല്ലെന്നും അമരീന്ദര്‍ സിംഗ് പറയുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സോനു സൂദ് പ്രതികരിച്ചു. ‘സര്‍ക്കാരിന്റെ ഈ വലിയ പ്രചാരണത്തിന്റെ ഭാഗമാകുന്നതിലും, എന്റെ സംസ്ഥാനത്തിലെ ജനങ്ങളുടെ ജീവന് സംരക്ഷിക്കാനാകുന്നതിലും വളരെ സന്തോഷമുണ്ട് ‘, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഞാന്‍ മിശിഹ അല്ല” എന്ന തന്റെ പുസ്തകവും താരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;
താരവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സോനു സൂദ് ഞങ്ങളുടെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാ പഞ്ചാബികളിലേക്കും എത്തിച്ചേരാനും അവരെ സംരക്ഷിക്കാനുമുള്ള ഞങ്ങളുടെ പ്രയത്നത്തെ പിന്തുണച്ചതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു, ഒപ്പം ഉടന്‍ തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
പഞ്ചാബില്‍ ആളുകള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. സോനു സൂദിന്റെ പ്രശസ്തിയും പതിനായിരക്കണക്കിന് കുടിയേറ്റക്കാരെ സുരക്ഷിതമായി വീട്ടിലെത്താന്‍ സഹായിക്കുന്നതില്‍ അദ്ദേഹത്തിന്റെ മാതൃകാപരമായ പങ്കും ജനങ്ങളുടെ സംശയങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
Discussion about this post