പാട്ന: ഒളിവിലുള്ള മോഷ്ടാക്കളെ തേടി പശ്ചിമബംഗാളിൽ എത്തിയ ബിഹാർ പോലീസ് ഉദ്യോഗസ്ഥൻ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാവിനും ദാരുണമരണം. മകന്റെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞ് വീണുമരിച്ചു. കിഷൻഗഞ്ച് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ അശ്വിനി കുമാറാണ് (52) പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ഗോൽബോഖറിൽ വെച്ച് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു ദാരുണ സംഭവം.
ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട തെരച്ചിലിനായാണ് അശ്വനികുമാർ പന്തപാഡ ഗ്രാമത്തിലെത്തിയത്. അവിടെ വെച്ച് ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിച്ച സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട 70കാരിയായ മാതാവ് ഊർമിള ദേവി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഇരുവരുടേയും മരണാനന്തര കർമ്മങ്ങൾ ഞായറാഴ്ച വീട്ടിൽ വെച്ച് നടന്നു.
അതേസമയം, അശ്വനി കുമാർ മരിക്കാനുണ്ടായ സാഹചര്യം പോലീസിന്റെ വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം. അശ്വനികുമാറിനൊപ്പം ബംഗാളിൽ റെയ്ഡിനായി പോയ ഏഴ് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആൾക്കൂട്ടം ആക്രമിക്കാൻ വന്ന വേളയിൽ സഹപ്രവർത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെട്ടെന്ന് കാണിച്ചാണ് നടപടി. റെയ്ഡിനെത്തിയ സംഘത്തിന് ബംഗാൾ പോലീസിന്റെ സഹായം ലഭിച്ചില്ലെന്ന് കിഷൻഗഞ്ച് എസ്പി കുമാർ ആശിഷ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ബിഹാർ പോലീസിന് ഒറ്റക്ക് തെരച്ചിൽ നടത്തേണ്ടി വന്നത്. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ശനിയാഴ്ചയും രണ്ടുപേരെ ഞായറാഴ്ചയുമാണ് പോലീസ് പിടികൂടിയത്.
Discussion about this post