ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍
ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച് ഇന്ത്യ. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ റെംഡെവിര്‍ ഇന്ജക്ഷന്, റെംഡെസിവിര്‍ മരുന്നിന്റെ ഘടകങ്ങള്‍ എന്നിവയുടെ കയറ്റുമതി നിരോധിച്ചതായി കേന്ദ്രം ഉത്തരവിറക്കി.
‘ഏപ്രില്‍ 11 വരെ 11.08 ലക്ഷം സജീവ കേസുകളാണ് ഇന്ത്യയിലുളളത്, തന്നെയുമല്ല കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ കുത്തിവെപ്പിനുള്ള ആവശ്യം വര്‍ധിപ്പിച്ചു. കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഈ മരുന്നിന്റെ ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്’ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
യുഎസ്സിലെ ഗിലീഡ് സയന്സുമായുളള കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ് റെംഡെിവിര് നിര്‍മിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് മരുന്ന് ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍, റെംഡെസിവിറിന്റെ നിര്‍മ്മാതാക്കള്‍ അവരുടെ വിതരണക്കാരുടേതുള്പ്പടെയുളള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റെംഡിസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ആഭ്യന്തര മരുന്ന് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡിനായുള്ള ദേശീയ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രൊട്ടോക്കോള്‍ ഒരു പരീക്ഷണാത്മക ചികിത്സയായിട്ടാണ് റെംഡെസിവിറിനെ ചികിത്സയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടിയാണ് റെംഡെസിവര്‍ രോഗികള്‍ക്ക് നല്‍കുന്നത്. ഈ മരുന്നിന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം കോവിഡിനെതിരേ ഫലപ്രദമാണെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ലോകാരോഗ്യ സംഘടന കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡെസിവിര്‍ നീക്കം ചെയ്തിരുന്നു.
Discussion about this post