ജയ്പൂർ: വോട്ട് ചെയ്ത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മാത്രമല്ല, മദ്യശാല പൂട്ടിക്കാനും സാധിക്കുമെന്ന് തെളിയിച്ച് ഗ്രാമത്തിലെ ആ സ്ത്രീകൾ. വോട്ട് ചെയ്ത് ഭൂരിപക്ഷത്തിന്റെ സമ്മതത്തോടെയാണ് രാജസ്ഥാനിലെ ഈ ഗ്രാമത്തിൽ മദ്യശാല അടപ്പിച്ചത്. രാജസ്ഥാനിലെ രാജ്സാമാൻഡ് ജില്ലയിലെ തനേറ്റ ഗ്രാമത്തിലാണ് സംഭവം.
തനേറ്റയിൽ മദ്യശാല വേണമോ വേണ്ടയോ എന്ന കാര്യത്തിൽ സ്ത്രീകളുടെ പരിശ്രമത്തിന്റെ ഫലമായാണ് വോട്ടെടുപ്പ് നടന്നത്. 3245 പേരാണ് ഗ്രാമത്തിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അർഹരായിരുന്നത്. ഇതിൽ 2206 പേരും മദ്യ ശാല വേണ്ടെന്ന നിലപാടാണ് സ്വീകരിക്കുകയായിരുന്നു. 40 വോട്ടുകൾ അസാധുവായപ്പോൾ 61 പേർ മാത്രമാണ് മദ്യശാല വേണമെന്ന് അഭിപ്രായപ്പെട്ടത്. ഏറെ ആഹ്ളാദത്തോടെയാണ് ഗ്രാമീണർ വോട്ടെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിച്ചത്. ഏറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പ് പൂർത്തിയായെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീക്ഷ ചൗഹാൻ പ്രതികരിക്കുന്നു.
കുടുംബങ്ങളിലെ പുരുഷന്മാരുടെ മദ്യപാനം മൂലം ഏറെ പാടുപെട്ടിരുന്ന സ്ത്രീകൾ ഒന്നിച്ച് നിന്നാണ് തീരുമാനം നടപ്പിലാക്കിയത്. മദ്യപിച്ച് വന്ന് വീടുകളിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതും പണം ധൂർത്തടിക്കുന്നതും സംബന്ധിച്ച് നിരവധിപ്പേർ പരാതിപ്പെട്ടതോടെയാണ് ദീക്ഷ ചൗഹാൻ ഇത്തരമൊരു മദ്യവിരുദ്ധ നിലപാട് സ്വീകരിച്ചത്.
മദ്യ ഉപയോഗത്തിനെതിരായി ഗ്രാമത്തിലെ സ്ത്രീകൾ നടത്തിയ പ്രചാരണത്തിനും പ്രതിഷേധ പരിപാടികൾക്കും പിന്നാലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഭാഗമാകാൻ വോട്ട് ചെയ്യാൻ അർഹരായവരെല്ലാം എത്തിച്ചേർന്നിരുന്നു.
രാജ്സാമാൻഡ് ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. മദ്യശാലയുടെ പരിസരത്തുള്ള താമസക്കാരിൽ 50 ശതമാനം പേർ എതിർത്താൽ മദ്യ ശാല അടയ്ക്കാൻ പഞ്ചായത്തിനുള്ള അധികാരം ഉപയോഗിക്കാമെന്നാണ് രാജസ്ഥാനിലെ എക്സൈസ് നിയമം. ഇത് അനുസരിച്ചായിരുന്നു വോട്ടിങ്.
മാസങ്ങൾ നീണ്ട ബോധവൽക്കരണ പരിപാടികൾക്ക് പിന്നാലെയാണ് വോട്ടെടുപ്പ് നടന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഈ തീരുമാനം മൂലം ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് ദീക്ഷ ചൗഹാന്റെ അഭിപ്രായം. മദ്യത്തിന്റെ ഉപയോഗം മൂലം തകർന്ന നിരവധി വീടുകളാണ് ഗ്രാമത്തിലുള്ളതെന്നും ദീക്ഷ പറയുന്നു.
Discussion about this post