ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
90584 പേരാണ് ഇന്നലെ കൊവിഡ് മുക്തി നേടിയത്. 839 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275 ആയി. ഇതുവരെ 1,20,81,443 പേര് രോഗമുക്തി നേടി. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കൊവിഡ് വാക്സിന് നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് ഇന്നുമുതല്‍ മാസ് കൊവിഡ് വാക്സിനേഷന് ആരംഭിക്കും. നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കൊവിഡ് വാക്സിന് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിനുള്ള ആലോചനകള്‍ നടന്നു. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനം ഉണ്ടായേക്കും.
Discussion about this post