ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് പറഞ്ഞു.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികത്സകള്‍ നിര്‍ത്തിവച്ചതായി ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ഇന്നലെ ഏഴായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിലായി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.
രാജ്യത്തും രോഗവ്യാപനം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 131968 പേര്‍ക്ക് രോഗം ബാധിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 780 പേര്‍ മരിച്ചു. ചികിത്സയിലുള്ളവര്‍ 979608 ആയി.