ഛത്തീസ്ഗഡ്: ‘അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച പോലെ എന്റെ ഭര്‍ത്താവിനെയും രക്ഷിക്കൂ’ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് ജവാന് രാകേശ്വര്‍ സിംഗ് മന്‍ഹാസിന്റെ ഭാര്യ.
രാകേശ്വറിനെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം
ത്രിവര്‍ണ പതാകയുമേന്തി ജമ്മു അക്നൂര്‍ റോഡ് ഉപരോധിച്ചു. ജവാന്റെ സുരക്ഷിത മോചനത്തിന് ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യര്‍ത്ഥിച്ചു.
‘അഭിനന്ദനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ച പോലെ എന്റെ ഭര്‍ത്താവിനെയും രക്ഷിക്കൂ മോഡിജി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. ഒരു ഓപ്പറേഷന് വേണ്ടി പോവുകയാണെന്നും പിന്നീട് വിളിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.’ – രാകേശ്വര്‍ സിംഗ് മന്‍ഹാസ് എന്ന ജവാന്റെ ഭാര്യ പറഞ്ഞു.
ഏപ്രില്‍ രണ്ടിന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ജമ്മു സ്വദേശിയായ മന്‍ഹാസിനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
‘അദ്ദേഹം ചൈനയിലോ പാകിസ്ഥാനിലോ അല്ല, നമ്മുടെ രാജ്യത്ത് തന്നെയാണ്. എന്തുകൊണ്ട് അദ്ദേഹത്തെ രക്ഷിക്കുന്നില്ല?’ പ്രതിഷേധത്തില്‍ പങ്കെടുത്ത ജവാന്റെ മറ്റൊരു ബന്ധു ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു. ‘എന്റെ സഹോദരനെ തിരിച്ച് വേണം. അദ്ദേഹത്തെ തിരിച്ച് തരൂ.’ ജവാന്റെ സഹോദരി അഭ്യര്‍ത്ഥിച്ചു.
Discussion about this post