12 കോടിയുടെ ഓഹരി ക്രമക്കേട് കണ്ടെത്തി; അംബാനി സഹോദരന്മാർക്കും ബന്ധുക്കൾക്കും കോടികളുടെ പിഴ

ambani-brothers

മുംബൈ: ഓഹരികളുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയതിന് അംബാനി സഹോദരന്മാർക്ക് കോടികളുടെ പിഴ വിധിച്ച് മാർക്കറ്റ് റെഗുലേറ്ററായ സെബി. അനിൽ അംബാനിയും മുകേഷ് അംബാനിയുമടക്കം റിലയൻസ് ഗ്രൂപ്പിലെ അംഗങ്ങളായ അംബാനി കുടുംബത്തിലെ നിരവധി പേർക്കെതിരെയും കമ്പനികൾക്കും എതിരെയാണ് 25 കോടിയുടെ പിഴ വിധിച്ചിരിക്കുന്നത്.

അംബാനി കുടുംബവും റിലയൻസിന്റെ ഭാഗമായ സ്ഥാപനങ്ങളുമടക്കം 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്ന് സെബിയുടെ ഉത്തരവിൽ പറയുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ(ആർഐഎൽ) 12 കോടിയുടെ ഓഹരികളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സെബി നടപടി സ്വീകരിച്ചിരിക്കുന്നത്. 2000 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആർഐഎൽ 12 കോടിയുടെ ഷെയറുകൾ റിലയൻസ് ഗ്രൂപ്പിലെ തന്നെ 38 സ്ഥാപനങ്ങൾക്ക് വീതിച്ചു നൽകിയെന്നാണ് സെബിയുടെ ഉത്തരവിൽ പറയുന്നത്. ആർഐഎൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് ഈ ഓഹരി വിൽപന നടന്നത്. നിയമപ്രകാരം അഞ്ച് ശതമാനം ഓഹരികൾ മാത്രമേ പ്രൊമോട്ടർമാർക്ക് ഏറ്റെടുക്കാൻ കഴിയുകയുള്ളു. എന്നാൽ അംബാനി കുടുംബം 6.83 ശതമാനം ഏറ്റെടുക്കുകയും ഇതേകുറിച്ചുള്ള വിശദാംശങ്ങൾ മറച്ചുവെക്കുകയും ചെയ്തുവെന്ന് സെബി ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ 2007ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പെട്രോളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്ത കേസിലും സെബി മുകേഷ് അംബാനിയ്ക്ക് 70 കോടിയുടെ പിഴ ചുമത്തിയിരുന്നു. റിലയൻസ് പെട്രോളിയത്തിന്റെ ഓഹരികൾ വിൽപന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്.

Exit mobile version