ന്യൂഡല്‍ഹി: ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പുതിയ തന്ത്രങ്ങളിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടര്‍മാരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് ആഭ്യന്തരമന്ത്രിയുടെ പ്രചാരണം.
ബുധനാഴ്ച ഹൗറാ ജില്ലയില്‍ എത്തിയ അമിത് ഷാ റിക്ഷാ വണ്ടിക്കാരനായ രജീബ് ബാനര്‍ജിയുടെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചായിരുന്നു പ്രചാരണം ആരംഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് രജീബ്. ജനങ്ങളെ കയ്യിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമിത് ഷായുടെ ഈ നീക്കത്തെ വിലയിരുത്തുന്നത്.
അതേസമയം, താന്‍ ബംഗാള്‍ കടുവയാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. താനൊരിക്കലും ബിജെപിയുടെ ആക്രമണത്തിന് മുന്നില്‍ വളഞ്ഞുനില്‍ക്കില്ലെന്നും മമത പറഞ്ഞിരുന്നു.
”ബിജെപിയ്ക്ക് അവരുടെ പണം ഉപയോഗിച്ച് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഒരു ബംഗാള്‍ കടുവയാണ്, ഞാന്‍ വളഞ്ഞുനില്‍ക്കില്ല”മമത പറഞ്ഞു.
ബിജെപി അസമില്‍ നിന്ന് ഗുണ്ടകളെ ഇറക്കുകയാണെന്നും ബോംബുകള്‍ പൊട്ടിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
Discussion about this post