ദീദി നിങ്ങളെ അപമാനിച്ചില്ലേ, നിങ്ങള്‍ അവരെ ശിക്ഷിക്കുന്നില്ലേ?; ബംഗാളിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

കൊല്‍ക്കത്ത: വോട്ടെടുപ്പ് പുരോഗമിക്കുന്ന ബംഗാളില്‍ വീണ്ടും മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മോഡി. റാലിയില്‍ പങ്കെടുക്കാന്‍ ബിജെപി ജനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചതായി മോഡി വ്യക്തമാക്കി.

നിങ്ങള്‍ ഇവിടെ വന്നതിന് നിങ്ങള്‍ക്ക് പണം ലഭിക്കുമോ? ദീദി നിങ്ങളെ അപമാനിച്ചില്ലേ അവര്‍ നിങ്ങള്‍ക്ക് നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചില്ലേ? നിങ്ങള്‍ക്ക് അവരോട് ദേഷ്യം തോന്നുന്നില്ലേ? നിങ്ങള്‍ അവരെ ശിക്ഷിക്കുന്നില്ലേ? പോളിംഗ് ബൂത്തുകളിലെത്തി ബട്ടണ്‍ അമര്‍ത്തുക. അവര്‍ ഇനിയൊരിക്കലും നിങ്ങളോട് ഇങ്ങനെ ചെയ്യില്ല.

ബംഗാളിലെ ഹൗറയില്‍ നടന്ന ബിജെപി റാലിയില്‍ മോഡി പൊതുജനങ്ങളോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി അവരുടെ പാര്‍ട്ടിയെ സമീപിച്ചിരിക്കുന്ന തോല്‍വിയില്‍ നിരാശപ്പെട്ട്, തന്നെ അധിക്ഷേപിക്കുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍ തീരുമാനിച്ചിരിക്കുന്ന മെയ് 2 ന് പരാജയം നേരിടേണ്ടി വരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ശിഥിലമാകുമെന്ന് ബംഗാളിലെ ജനങ്ങള്‍ ഊഹിക്കുന്നുവെന്നും മോഡി പറഞ്ഞു. ആസന്നമായ തോല്‍വിയില്‍ നിരാശ പൂണ്ട്, തനിക്ക് നേരെ മമത അധിക്ഷേപം നടത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗാളില്‍ കൊള്ളയും അഴിമതിയും എളുപ്പമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് സുഗമമായി ജീവിക്കാനുള്ള സാഹചര്യമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്.

ബംഗാളിന് വേണ്ടി മമത എന്തൊക്കെ ചെയ്തുവെന്ന സത്യം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ ബംഗാളിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ജനങ്ങളെ സേവിക്കുക എന്നാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ബിജെപി ദയവായി ചോദിക്കുന്നത്. മോഡി വിശദീകരിച്ചു.

എട്ട് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നീ തീയതികളിലായി മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നു കഴിഞ്ഞു. ഏപ്രില്‍ 29നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. മെയ് 2നാണ് വോട്ടെണ്ണല്‍.

Exit mobile version