ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ട ആസാം എഴുത്തുകാരി ശിഖ ശര്‍മ്മ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ശിഖയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ശിഖ അറസ്റ്റിലായത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശമ്പളമുള്ള പ്രൊഫഷണലുകളെ രക്തസാക്ഷി എന്ന് വിളിക്കരുത് എന്നായിരുന്നു ശിഖ ശര്‍മയുടെ കുറിപ്പ്. കേസില്‍ ശിഖ ശര്‍മക്കെതിരെ ഐപിസി സെക്ഷന്‍ 294(എ), 124 (എ), 500, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്.
‘ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുത്,’ ശിഖ കുറിച്ചു.
Discussion about this post