ചെന്നൈ: നടനും മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയുമായ കമൽഹാസന്റെ മകൾ നടി ശ്രുതി ഹാസനെതിരെ പരാതി നൽകി ബിജെപി. പോളിങ് ബൂത്തിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകിയിരിക്കുന്നത്. മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസനൊപ്പം കോയമ്പത്തൂർ സൗത്തിലെ പോളിങ് ബൂത്ത് സന്ദർശനം നടത്തിയതിനെതിരെയാണ് പരാതി. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വാനതി ശ്രീനീവാസന് വേണ്ടി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് ശ്രുതിക്കെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് പരാതി നൽകിയത്.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കമൽ ഹാസൻ ചെന്നൈയിലെ ആൾവാർപേട്ടയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ കെമ്പട്ടി കോളനിയിൽ കോർപറേഷൻ സ്‌കൂളിലെ പോളിങ് ബൂത്തിൽ സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൂടെ മക്കളായ ശ്രുതി, അക്ഷര എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
തുടർന്ന് കമൽ മണ്ഡലത്തിൽ പണത്തിന്റെ ഒഴുക്ക് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സാധനങ്ങൾ വാങ്ങാനുള്ള ടോക്കണുകൾ വീടുകൾതോറും നൽകിയതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് വരണാധികാരികൾക്ക് നൽകുമെന്നും അറിയിച്ചിരുന്നു. ബിജെപിക്കെതിരെ അദ്ദേഹം റിട്ടേണിങ് ഓഫീസർക്ക് പരാതിയും നൽകി.
മണ്ഡലത്തിൽ പണമൊഴുക്ക് കൂടുതലായി ശ്രദ്ധയിൽപ്പെട്ടാൽ റീപോളിങ് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാജയം ഭയക്കുന്നവരാണ് പണം നൽകി വോട്ടുപിടിക്കാൻ ശ്രമിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് ജനാധിപത്യത്തിനെതിരാണെന്നും കമൽ പ്രസ്താവിച്ചതിന് പിന്നാലെയാണ് ബിജെപി ശ്രുതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
Discussion about this post