ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും പൊതു ഇടങ്ങളിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മാസ്ക് സുരക്ഷാ കവചമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
വീട്ടില്‍ മുതിര്‍ന്ന പൗരന്മാര് ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും മാസ്ക് ധരിക്കണം. തനിച്ച് കാറോടിച്ച് പോകുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. മാസ്ക് ഇല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുതെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 5100 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര് മരിക്കുകയും ചെയ്തു. 59,856 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post