റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. സി.എ.ജിയെയും എ.ജിയെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്മാന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന് അവകാശപ്പെട്ടില്ലെന്നും തെറ്റുപറ്റിയത് സുപ്രീം കോടതിക്കാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
റഫാല്‍ യുദ്ധവിമാനങ്ങളുടെ വില കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിശോധിച്ചെന്നും റിപ്പോര്‍ട്ട് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് നല്കിയെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിലെ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്കാധാരം. ഇങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്നും പി.എ.സി ചെയര്മാന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാകുന്നതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തത്. ഇത് സുപ്രീം കോടതി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
വിധിന്യായത്തിലെ വിവാദ പരാമര്‍ശം തിരുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. റഫാലില്‍ അന്വേഷണം തള്ളിയതിലൂടെ ആശ്വാസമായ അതേ കോടതിവിധി തന്നെയാണ് സി.എ.ജിയെ സംബന്ധിച്ച പരാമര്‍ശത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് ഇരുട്ടടിയായും മാറിയത്.
പഴി കോടതിക്ക് മേലിട്ട കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തോട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് എന്തുനിലപാടെടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം. അതേസമയം, എ.ജിയെയും സി.എ.ജിയെയും വിളിച്ചുവരുത്താനുള്ള പി.എ.സി ചെയര്‍മാന്റെ നീക്കത്തിന് പ്രതിപക്ഷത്തെ മറ്റ് കക്ഷികളുടെയും പിന്തുണയുണ്ട്. പി.എ.സി അടുത്തയാഴ്ച ചേരുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post