ജസ്റ്റിസ് എൻവി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു; ഏപ്രിൽ 24ന് സത്യപ്രതിജ്ഞ

nv ramana

ന്യൂഡൽഹി: ജസ്റ്റിസ് എൻവി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനം നടത്തിയത്. ഏപ്രിൽ 24ന് എൻവി രമണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. 67കാരനായ എൻ വി രമണയെ ഏപ്രിൽ 23ന് വിരമിക്കാനിരിക്കുന്ന നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുകയായിരുന്നു. 2022 ഓഗസ്റ്റ് 26 വരെയാവും എൻവി രമണയുടെ കാലാവധി.

ആന്ധ്രാപ്രദേശിലെ കർഷക കുടുംബത്തിൽ 1957 ഓഗസ്ത് 27ന് ജനിച്ച ജസ്റ്റിസ് എൻവി രമണ, ആന്ധ്രയിൽ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബറാവോ ആയിരുന്നു ഇതിന് മുൻപ് ആന്ധാപ്രദേശിൽ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി.

ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014ലാണ് സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ചു തുടങ്ങിയത്.

കാശ്മീരിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കാൻ ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു എൻവി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു.

Exit mobile version