ഗുവാഹത്തി: അസമിലെ പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തു. ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തിലാണ് ക്രമക്കേട് നടന്നത്. സംഭവത്തില്‍ ആറ് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടിക പ്രകാരം ദിമ ഹസാവോ ജില്ലയിലെ പോളിങ് ബൂത്തില്‍ 90 വോട്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍, 181 വോട്ടുകള്‍ ബാലറ്റ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ക്രമക്കേട് നടന്നത്. 2016ല്‍ ബി.ജെ.പി എം.എല്‍.എ വിജയിച്ച മണ്ഡലമാണിത്.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികക്ക് ബദലായി ഗ്രാമത്തലവന്‍ മറ്റൊരു പട്ടിക കൊണ്ടുവന്ന് ആളുകളെ വോട്ട് ചെയ്യിപ്പിച്ചതാണ് വോട്ട് കൂടാന്‍ കാരണമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ബൂത്തില്‍ റീ-പോള്‍ നടത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ല.