ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പിഎ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയാണ്.
ഏഴ് തവണ എംഎല്‍എ ആയിട്ടുള്ള അദ്ദേഹം പവാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പാട്ടീല്‍ എന്‍സിപി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു.
മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങാണ് പരാതി ഉന്നയിച്ചിരുന്നത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സിബിഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.
Discussion about this post