ന്യൂഡൽഹി: തുടക്കം മുതൽ മോഡി സർക്കാരിനെ പ്രതിരോധത്തിലാക്കിയ റാഫേൽ യുദ്ധവിമാന കരാറിനെ ചൊല്ലി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ഉണ്ടാക്കാനായി ഇന്ത്യയിലെ ഇടനിലക്കാരന് കമ്പനി പത്ത് ലക്ഷം യൂറോ പ്രത്യുപകാരമായി കൈമാറിയെന്ന് ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോർട്ട്.
പത്ത് ലക്ഷത്തിലധികം യൂറോ വരുന്ന ഇടപാടിൽ 2017 മാർച്ച് 30ന് പകുതിയോളം തുകയാണ് ഇടനിലക്കാരായ കമ്പനിക്ക് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. റാഫേൽ വിമാനങ്ങളുടെ 50 മാതൃകകൾ നിർമ്മിക്കാൻ എന്ന വിശദീകരണവുമായാണ് കരാർ ഒപ്പിട്ടത്. വിമാനത്തിന്റെ ഒരു മാതൃക നിർമ്മിക്കാൻ ഇതു പ്രകാരം പതിനേഴര ലക്ഷത്തോളം രൂപയാണ് ഡിഫെസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനി വാങ്ങിയത്. എന്നാൽ ഈ കരാർ അനുസരിച്ച് വിമാനമാതൃകകൾ നിർമിച്ചതു സംബന്ധിച്ച ഒരു രേഖയും കൈമാറാൻ ഡസോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ കൈമാറിയ തുക സമ്മാനം എന്ന രീതിയിൽ കമ്പനി രേഖകളിൽ രേഖപ്പെടുത്തിയത് എന്തിനാണെന്നതിനും കമ്പനി വിശദീകരണം നൽകിയിട്ടില്ല.
2016ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ കരാർ ഒപ്പിട്ടതിനു പിന്നാലെ ഈ തുക കൈമാറിയെന്നാണ് ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടിന്റെ റിപ്പോർട്ട്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിൽ റാഫേൽ ഇടപാടിൽ കമ്മീഷൻ ഒഴുകിയതായി കണ്ടെത്തിയതെന്നാണ് മീഡിയ പാർട്ട് റിപ്പോർട്ട്.
2016ൽ ഇന്ത്യ-ഫ്രാൻസ് റാഫേൽ കരാർ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ദാസോ എവിയേഷൻ ഇന്ത്യൻ കമ്പനിക്ക് പണം കൈമാറാൻ ധാരണ ഉണ്ടാക്കിയത്. ഇടപാടുകളുള്ള സമ്മാനം എന്ന നിലയിലാണ് ഡിഫെസിസ് സൊലൂഷൻസ് എന്ന വിവാദ ഇടപാടുകാരനുമായി ബന്ധമുള്ള കമ്പനിക്ക് പണം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
വിവദമായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ അറസ്റ്റിലായ വ്യവസായി സുഷൻ ഗുപ്തയുമായി ബന്ധമുള്ള സ്ഥാപനമാണ് പണം ലഭിച്ച ഡെഫ്‌സിസ് സൊല്യൂഷൻസ്. ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാർ സംബന്ധിച്ചുള്ള വാർത്താ പരമ്പരയിൽ ആദ്യത്തെ ഭാഗമാണ് ഇതെന്നാണ് മീഡിയ പാർട്ട് ലേഖകൻ പറയുന്നത്.
Discussion about this post