ബംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിനു തീയിട്ടത്. ആറ് മരണങ്ങൾക്ക് പുറമെ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്പേട്ട മുകുടഗേരിയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രദേശത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ദാരുണസംഭവമുണ്ടായത്. തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛൻ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടതെന്ന് പൊന്നമ്പേട്ട് പോലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. മഞ്ജുവിനും കുടുംബത്തിനും പുറമെ വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തിൽപ്പെട്ടു.
യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാർഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് ഭോജ ക്രൂര കൃത്യം നടത്തിയത്.
രാത്രി രണ്ടുമണിയോടെ മദ്യലഹരിയിൽ എഴുന്നേറ്റ ഭോജ വീടിനുമുകളിൽ കയറി മേൽക്കൂരയിലെ ഓടുകൾ ഇളക്കിമാറ്റി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീടിനകത്തുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. മൂന്നുപേരെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
Discussion about this post