ഹൈദരാബാദ്: വീട്ടില്‍ കയറി മാങ്ങ കട്ടുപറിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ കൊണ്ട് ചാണകം തീറ്റിച്ചും മര്‍ദ്ദിച്ചും കണ്ണില്ലാത്ത ക്രൂരത. തെലങ്കാനയിലെ മെബൂബാബാദിലാണ് ദാരുണമായി സംഭവങ്ങള്‍ അരങ്ങേറിയത്. ഇത് കൂടാതെ, ഒരു സംഘം, കുട്ടികളുടെ ശരീരത്തില്‍ ചാണകം പുരട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
തോറൂര്‍ മണ്ഡലത്തിലെ കാന്തൈപാലം ഗ്രാമത്തിലാണ് സംഭവം നടന്നത്. പതിനേഴും 15 ഉം വയസ്സുള്ള രണ്ട് കുട്ടികളെയാണ് മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം അക്രമത്തിനിരയാക്കിയത്. കുട്ടികളുടെ കൈകള്‍ കെട്ടിയിട്ട ശേഷം പ്രതികള്‍ കുട്ടികളുടെ വായിലേക്ക് ചാണകം വെച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ മുന്നിലിട്ട് പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തു. തങ്ങളുടെ വീട്ടുവളപ്പില്‍ നിന്ന് കുട്ടികള്‍ മാങ്ങ കട്ടുപറിച്ചുവെന്നാരോപിച്ചാണ് പ്രതികള്‍ കുട്ടികളോട് ക്രൂരത കാണിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുന്നതും ചാണകം തീറ്റിക്കുന്നതുമായ ദൃശ്യങ്ങള്‍ ഇവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ പരാതിയില്‍ തോറൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് പറഞ്ഞു. ബനോത് യക്കു, ബനോത്ത് രാമുലു തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തോറൂര്‍ സിഐ പറഞ്ഞു.
Discussion about this post