ബംഗളൂരു: കര്‍ണാടകയില്‍ വാക്സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ച് മന്ത്രിക്ക് വസതിയിലെത്തി കോവിഡ് വാക്സിന്‍ നല്‍കിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
ഡോ. ഇസഡ്ആര്‍. മഖന്ദാറിനെയാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മിഷണര്‍ ഡോ. കെവി ത്രിലോക് ചന്ദ്ര സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീലിനും ഭാര്യയ്ക്കും വസതിയിലെത്തി വാക്സിന്‍ നല്‍കിയതിനാണ് നടപടി.
ഹവേരി ജില്ലയിലെ ഹിരേകേരൂര്‍ താലൂക്കിലെ ഹെല്‍ത്ത് ഓഫീസറാണ് മഖന്ദാര്‍. തുടര്‍ച്ചയായ പരിശീലനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷവും മഖന്ദാര്‍ മന്ത്രിക്ക് കോവിഡ് വാക്സിന്‍ വസതിയിലെത്തി നല്‍കിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജോലിസ്ഥലം വിട്ടുപോകരുതെന്നും മഖന്ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് രണ്ടിനാണ് മന്ത്രിയും ഭാര്യയും അവരുടെ വസതിയില്‍ വെച്ച് വാക്സിന്‍ എടുത്തത്. തുടര്‍ന്ന് വാക്സിന്‍ എടുക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഇതിനു പിന്നാലെ മന്ത്രി വാക്സിനേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വസതിയിലെത്തി വാക്സിന്‍ കുത്തിവെപ്പ് നല്‍കിയ ചട്ടലംഘനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ. സുധാകറും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.