ചെന്നൈ: ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രജനീകാന്തിന് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത് തമിഴ്നാട്ടിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് വിലയിരുത്തൽ. വോട്ടെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെയാണ് സൂപ്പർസ്റ്റാറിന് അവാർഡ് പ്രഖ്യാപിച്ചതെന്നത് കേന്ദ്രസർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.
രജനി ആരാധകരായ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടുകളിലാണ് എൻഡിഎ കണ്ണിവെച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ എഐഎഡിഎംകെയും ബിജെപിയും സഖ്യത്തിലാണ്. 2016ൽ രജനിക്ക് പത്മവിഭൂഷൺ ബഹുമതി ലഭിച്ചിരുന്നു. അന്നും കേന്ദ്രം ഭരിച്ചത് ബിജെപി സർക്കാരാണ്. തൊട്ടടുത്ത വർഷമാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. ആത്മീയരാഷ്ട്രീയം മുന്നോട്ടുവെച്ച രജനിയെ ഒപ്പംകൂട്ടാൻ ശ്രമവും നടത്തിയിരുന്നു.
പിന്നീട് രജനി നോട്ടുനിരോധനത്തെയും സിഎഎയും പിന്തുണച്ചതോടെ ബിജെപിയിലേക്ക് അദ്ദേഹം ചേക്കേറുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്ന രജനികാന്ത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്നും ബിജെപിയും രജനി ആരാധകരും ഉൾപ്പടെയുള്ളവരും സമ്മർദ്ദം ചെലുത്തിയെങ്കിലും രജനിയുടെ തീരുമാനത്തിന് ഇളക്കമുണ്ടായില്ല. ഒടുവിൽ ബിജെപി രജനിയുടെ പേരിൽ ലഭിക്കേണ്ടിയിരുന്ന വോട്ട് സമാഹരിക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രസർക്കാർ പുരസ്കാരം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ, രജനീകാന്തിനെക്കാൾ മുമ്പ് സിനിമയിലെത്തിയ, മൂന്നു ദേശീയ അവാർഡുകൾ നേടിയ കമൽഹാസനെ എന്തുകൊണ്ട് പുരസ്കാരത്തിന് പരിഗണിച്ചില്ല എന്നും ചോദ്യമുയരുന്നുണ്ട്. ബിജെപിയുടെ കടുത്ത വിമർശകനായ കമൽഹാസന് തരെഞ്ഞെടുപ്പിൽ പ്രധാന എതിരാളി ബിജെപി നേതാവ് വാനതി ശ്രീനിവാസൻ കൂടിയാണ്. മോഡിയെയും അമിത്ഷായെയും സംവാദത്തിന് വെല്ലുവിളിച്ച് കമൽ രംഗത്തെത്തിയിരുന്നു.
Discussion about this post