ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അണികള്‍. ഈ സാഹചര്യത്തില്‍ കുതിച്ചു കയറുന്ന പെട്രോള്‍ ഡീസല്‍ വിലയും ഒപ്പം വാതക വിലയിലും മാറ്റം വന്നിരിക്കുകയാണ്.
തുടര്‍ച്ചയായി വില കുറഞ്ഞു വരികയാണ്. ഇന്ന് പാചക വാതക സിലിണ്ടറുകള്‍ക്കുള്ള വില കുറച്ചിരിക്കുകയാണ്. 10 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. ഇതോടെ 819 രൂപ ആയിരുന്ന സിലിണ്ടര്‍ വില 809 രൂപയായി താഴ്ന്നു. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കില്‍ സിലിണ്ടറുകള്‍ ലഭ്യമായി തുടങ്ങും.
നേരത്തെ മാര്‍ച്ച് ഒന്നിന് സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. മാസാദ്യം സിലിണ്ടറിന് 25 രൂപ വര്‍ധിപ്പിച്ചു. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും 25ന് 25 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഈ വിലയാണ് ഇപ്പോള്‍ കുറയുന്നത്.
ഇന്ധനവിലയിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. പെട്രോളിന് ബുധനാഴ്ച 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയും ഡീസലിന് 85 രൂപ 39 പൈസയുമായി.
Discussion about this post