അത് ലഹരിഗുളികകള്‍ അല്ല, വിഷാദത്തിലായ ഭാര്യയ്ക്കായി വാങ്ങി വെച്ച ഉറക്കഗുളികകള്‍ മാത്രമാണ്; അറസ്റ്റിലായ അജാസ് ഖാന്‍ പറയുന്നു

Actor Ajaz Khan | Bignewslive

മുംബൈ: പിടിച്ചെടുത്തത് ലഹരിഗുളികകള്‍ അല്ലെന്ന് മയക്കുമരുന്ന് കേസില്‍ നടനും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അജാസ് ഖാന്‍. അറസ്റ്റിലായതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ആണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം നടന്റെ മുംബൈയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിഗുളികകള്‍ കണ്ടെടുത്തതിരുന്നു.

ഇതിനുപിന്നാലെയാണ് രാജസ്ഥാനില്‍നിന്ന് മുംബൈയിലെത്തിയ അജാസ് ഖാനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ശേഷമാണ് തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ഉറക്കഗുളികകളാണെന്ന് അജാസ് വെളിപ്പെടുത്തിയത്. ലഹരിഗുളികകള്‍ എവിടെനിന്ന് കിട്ടിയെന്ന് ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും നാല് ഉറക്കഗുളികകള്‍ മാത്രമാണ് അവര്‍ക്ക് വീട്ടില്‍നിന്ന് കിട്ടിയതെന്നും അജാസ് പറഞ്ഞു.

‘ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് വിഷാദത്തിലായ ഭാര്യ മരുന്ന് കഴിച്ചിരുന്നു. ആ മരുന്നാണ് അവര്‍ക്ക് കിട്ടിയത്. എന്റെ വീട്ടില്‍നിന്നോ വിമാനത്താവളത്തില്‍വെച്ചോ ഒന്നും ലഭിച്ചിട്ടില്ല. ഞാന്‍ നിരപരാധിയാണ്’- അജാസ് ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Exit mobile version