ന്യൂഡൽഹി: ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങളും മതസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നെന്ന റിപ്പോർട്ടുമായി യുഎസ് സ്റ്റേറ്റ് റിപ്പോർട്ട്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തനത്തിനും നിയന്ത്രണമുണ്ടെന്നും അഴിമതിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിയമവിധേയമല്ലാത്ത കൊലപാതകങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കി. 2020 യുഎസ് കോൺഗ്രസിന്റെ മനുഷ്യാവാകാശ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജമ്മുകാശ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ട് വരുന്നു. ജമ്മു കാശ്മീരിൽ ഇന്റർനെറ്റ് പുനസ്ഥാപിച്ച് തുടങ്ങി. ആക്ടിവിസ്റ്റുകളെ തടവിൽ നിന്ന് മോചിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച ദ വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെയുള്ള നിയമനടപടിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ജുഡീഷ്യറിക്ക് പുറത്തുള്ള പോലീസിന്റെ ഏറ്റുമുട്ടൽ കൊലകൾ, പീഡനം, ജയിൽ അധികൃതരുടെ ക്രൂരമായ പീഡനം, നിയമവിരുദ്ധമായ അറസ്റ്റ്, അന്യായ തടവ്, ജയിലിലെ ഭീഷണി എന്നിവയാണ് റിപ്പോർട്ടിൽ കാണിക്കുന്ന ചൂണ്ടിക്കാട്ടിയ പ്രധാന മനുഷ്യാവകാശ ലംഘനങ്ങൾ.
ഇന്ത്യയിൽ മാധ്യമങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും കടുത്ത നിയന്ത്രണമുണ്ട്. മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണി, അതിക്രമം, നിയമവിരുദ്ധ അറസ്റ്റ് എന്നിവ നടക്കുന്നു. സമൂഹ്യമാധ്യമങ്ങളിലെ ഇടപെടലിനും നിയന്ത്രണമേർപ്പെടുത്തുന്നെന്നും രാഷ്ട്രീയ നിലപാട് വ്യക്തിമാക്കിയതിന് ചില വ്യക്തികളെ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചു.
രാജ്യത്ത് മതസ്വാതന്ത്ര്യത്തിന് നേരെയും ആക്രമണം നടക്കുന്നു. ന്യൂനപക്ഷങ്ങൾക്കുനേരെ അക്രമവും വിവേചനവും നടക്കുന്നു. നിർബന്ധിത ബാലവേലയും ബോണ്ട് തൊഴിൽ സംവിധാനവും നിലനിൽക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തി.
Discussion about this post