ചെന്നൈ: കോൺഗ്രസ് പാർട്ടിക്ക് ഡിഎംകെ കുറച്ച് സീറ്റുകൾ മാത്രം അനുവദിച്ചത് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യ സർക്കാർ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് കനിമൊഴി. മാതൃഭൂമി ന്യൂസിനോടായിരുന്നു ഡിഎംകെ നേതാവ് കനിമൊഴിയുടെ പ്രതികരണം.
തമിഴ്നാട്ടിൽ 25 സീറ്റുകൾ മാത്രമാണ് ഡിഎംകെ സഖ്യകകക്ഷിയായ കോൺഗ്രസിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നൽകിയ സ്ഥാനത്താണ് പകുതിയോളം മാത്രം സീറ്റ് ഇത്തവണ നൽകിയത്. ഇതെന്തുകൊണ്ടാണ് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനിമൊഴി.
‘പലയിടങ്ങളിലും അധികാരത്തിലിരക്കുന്ന സർക്കാരുകളെ ബിജെപി വന്ന് അട്ടിമറിക്കുന്ന കാഴ്ച നമ്മൾ എല്ലാം കണ്ടതാണ്. ഏറ്റവും ഒടുവിൽ പോണ്ടിച്ചേരിയിലും സമാനമായ അവസ്ഥ കണ്ടു. അതുകൊണ്ട് കൂടുതൽ സ്ഥലങ്ങളിലും ഡിഎംകെ തന്നെ ജയിച്ചിട്ടേ കാര്യമുള്ളു. അത് മനസിലാക്കിക്കൊണ്ടാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ മുന്നണിയിൽ നിൽക്കുന്നത്. ഇപ്പോഴത്തെ മുഖ്യലക്ഷ്യം ജയിക്കണം, അധികാരത്തിൽ വരണം എന്നത് തന്നെയാണ്,’-കനിമൊഴി പറയുന്നു.
തമിഴ്നാട്ടിൽ ഇത്തവണ ഡിഎംകെ നയിക്കുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവേഫലങ്ങളെല്ലാം നൽകുന്ന സൂചന. ബിജെപിക്ക് തമിഴ്നാട്ടിൽ വലിയ രീതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ, അധികാരത്തിലെത്തിയാൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും പറഞ്ഞിരുന്നു.
Discussion about this post