പനാജി: ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഗോവയിൽ പുതിയ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്യവെ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം യൂണിഫോം സിവിൽ കോഡിനെ വാഴ്ത്തിയത്. ഗോവയിൽ ഏകീകൃത സിവിൽ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികൾ പരിശോധിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ഗോവയിൽ എല്ലാവർക്കും ഏക സിവിൽ നിയമമാണ് നിലനിൽക്കുന്നത്. മതവ്യത്യാസമില്ലാതെ വിവാഹം, പിന്തുടർച്ചാവകാശം എന്നിവയിൽ ഏക തീരുമാനമാണ് ഗോവയിലേതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, ഒറ്റ സിവിൽ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങൾക്കുള്ള നിയമ പരിഗണനകൾ ഇല്ലാതാകുമെന്നാണ് പ്രധാന ആക്ഷേപം. പ്രതിപക്ഷ കക്ഷികൾ ബിജെപിയുടെ ഏക സിവിൽകോഡ് വാഗ്ദാനത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവിൽ കോഡിന്റെ മറവിൽ ഹിന്ദുത്വനിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് വിമർശനം.
അതേസമയം രാജ്യത്ത് എത്രയും പെട്ടെന്ന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തിൽ സർക്കാർ നിലപാട് അറിയിച്ചത്.