ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പിഡിപി-ബിജെപി സഖ്യം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ

മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.

ജമ്മു കശ്മീരില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ സ്ഥിതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വാജ്പേയി ബാക്കിവെച്ചിടത്ത് നിന്ന് മോഡി തുടങ്ങുമെന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.

വിഘടനവാദി നേതാക്കളുമായി പോലും ചര്‍ച്ചനടത്തുന്നതിനെ പിന്തുണച്ച സാഹചര്യത്തില്‍ മോഡി അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിച്ചത്. വാജ്പേയി പ്രധാനമന്ത്രിയും എന്റെ പിതാവ് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയുമായിരുന്ന 2002-2005 സുവര്‍ണകാലമായിരുന്നു.

വാജ്പേയിക്ക് കിട്ടാതിരുന്ന ഭൂരിപക്ഷം മോഡിക്കുണ്ടായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ മോഡി കശ്മീരിന്റെ ആധിക്ക് പരിഹാരം കാണുമെന്നാണ് കരുതിയത്. പിഡിപിയുടെ അവസാനമായാലും കുഴപ്പമില്ല പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് കരുതിയതെന്നും അവര്‍ പറഞ്ഞു.

Exit mobile version