എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; റയില്‍വേ പോലീസ് കന്യാസ്ത്രീകളുടെ മൊഴി എടുത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വച്ച് എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ മൊഴി എടുത്തു. റെയില്‍വേ എസ്എസ്പിയാണ് കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയത്. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ മൊഴിയെടുത്തത്. കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യസ്ത വിദ്യാര്‍ത്ഥികളായ ശ്വേത, തരംഗ് എന്നിവരുടെ മൊഴിയാണ് റെയില്‍വേ പോലീസ് രേഖപ്പെടുത്തിയത്.

കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരില്‍ നിന്ന് മൊഴി എടുത്തത്. കേസില്‍ റെയില്‍വേ പോലീസ് വൈകാതെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കന്യാസ്ത്രീകള്‍ വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍ വെച്ചാണ് മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. കന്യാസ്ത്രീകള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാര്‍ച്ച് 19നായിരുന്നു സംഭവം.

തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്.ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്ര ചെയ്യവേയാണ് ആക്രമണം നടന്നത്. ഒഡീഷയില്‍ നിന്ന് രണ്ട് യുവ കന്യാസ്ത്രീകളെ വീട്ടിലെത്തിക്കാനാണ് മലയാളിയുള്‍പ്പെടയുള്ള രണ്ട് യുവ കന്യാസ്ത്രീകള്‍ കൂടെപ്പോയത്. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്.

പോസ്റ്റുലന്റ്‌സ് ആയിരുന്നതിനാല്‍ രണ്ട് പേര് സാധാരണ വേഷത്തിലും മറ്റ് രണ്ട് പേര്‍ സന്യാസ വേഷത്തിലുമായിരുന്നു.മറ്റ് രണ്ടുപേരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവര്‍ പിന്മാറിയില്ലെന്ന് സന്യാസിനമാര്‍ പറഞ്ഞിരുന്നു.

Exit mobile version