കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയ
ബിജെപി സ്ഥാനാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയായ ജിതേന്ദ്ര തിവാരിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് വാഗ്ദാനം.
മാര്‍ച്ച് 21 ന് ഹരിപൂരില്‍ നടന്ന ഒരു പൊതുയോഗത്തിലും പിന്നീട് ഒരു പാര്‍ട്ടി യോഗത്തിലും സംസാരിക്കുന്നതിനിടയിലാണ് തിവാരി രണ്ടുതവണ ഇക്കാര്യം പറഞ്ഞത്. മാര്‍ച്ച് 22നാണ് തിവാരിക്കെതിരെ തൃണമൂല്‍ പരാതികൊടുത്തത്.
ഇത്തരമൊരു വാഗ്ദാനം നല്‍കുന്നത് പെരുമാറ്റച്ചട്ടം ലംഘിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തിവാരി നല്‍കിയ മറുപടി. തന്റെ അജ്ഞതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷമ ചോദിക്കുകയും ചെയ്തു.