ആഗ്ര: ഉരുളക്കിഴങ്ങ് വിളവെടുപ്പിനെ ചൊല്ലി സഹോദരന്മാർ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനായി എത്തിയ സബ് ഇൻസ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. പ്രശാന്ത് യാദവ് എന്ന പോലീസുകാരനാണ് സഹോദരന്മാരിൽ ഒരാളുടെ വെടിയേറ്റ് മരിച്ചത്. പോലീസ് വരുന്നത് കണ്ട് തർക്കത്തിനിടെ ഒരാൾ ഓടി. തൊട്ടുപിറകെ സബ് ഇൻസ്പെക്ടറും. പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഖത്തൗലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സഹോദരങ്ങളായ വിശ്വനാഥും ശിവനാഥും ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി തർക്കമുണ്ടായി. തുടർന്ന് ശിവനാഥ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ, പ്രശ്നം സംസാരിച്ച് പരിഹരിക്കാനായാണ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയതെന്ന് ആഗ്ര എഡിജി രാജീവ് കൃഷ്ണ പറഞ്ഞു.
പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിലെ ഒരാൾക്ക് ജോലിയും യുപി സർക്കാർ വാഗ്ദാനം ചെയ്തു. പ്രദേശത്തെ റോഡിന് പോലീസുകാരന്റെ പേര് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post