ലഖ്‌നൗ: പള്ളികളില്‍ അഞ്ചുനേരം ബാങ്കുവിളിക്കുന്നത് യോഗ, ധ്യാനം, പൂജ, സര്‍കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി യുപി ഗ്രാമവികസന, പാര്‍ലമെന്ററികാര്യ മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല.
സമീപത്തെ പള്ളികളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ചൊവ്വാഴ്ച ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി.
‘ദിവസം അഞ്ച് തവണയാണ് നമസ്‌കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത്. ഇത് യോഗ, ധ്യാനം, പൂജ, സര്‍കാര്‍ ചുമതലകള്‍ നിര്‍വഹിക്കല്‍ എന്നിവയ്ക്ക് എനിക്ക് തടസ്സം സൃഷ്ടിക്കുന്നു’ തന്റെ മണ്ഡലത്തിലെ കജിപുര മദീന മസ്ജിദിന്റെ പേര് പരാമര്‍ശിച്ച് എഴുതിയ പരാതിയില്‍ ശുക്ല പറഞ്ഞു. പള്ളിക്ക് സമീപം നിരവധി സ്‌കൂളുകള്‍ ഉണ്ടെന്നും അവരുടെ പഠനത്തിനും ബാങ്ക് വിളി തടസ്സമാകുന്നുണ്ടെന്നും ശുക്ല പറഞ്ഞു.
‘ഉച്ചഭാഷിണികളിലൂടെയാണ് മതകാര്യങ്ങള്‍ അറിയിക്കുന്നത്. പള്ളി നിര്‍മാണത്തിന് സംഭാവന നല്‍കുന്നത് സംബന്ധിച്ചും ഉയര്‍ന്ന ശബ്ദത്തില്‍ പറയുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും പ്രയാസമുണ്ടാക്കും. സാധാരണക്കാര്‍ കടുത്ത ശബ്ദ മലിനീകരണം നേരിടുന്നു’ മന്ത്രി പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദ പരിധി നിശ്ചയിക്കണം. അനാവശ്യമായ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.