കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയിലും നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് സീറ്റില്ല. 13 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
ബംഗാളി സിനിമയുടെ ‘ദാദ’ എന്നറിയപ്പെടുന്ന മിഥുന്‍ ചക്രവര്‍ത്തി റാസ്ബിഹാരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹയാണ് റാസ്ബിഹാരിയില്‍ നിന്ന് മത്സരിക്കുന്നത്. കശ്മീരില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സമയത്ത് ചുമതല വഹിച്ചിരുന്നയാളാണ് സുബ്രതാ സാഹ.
മാര്‍ച്ച് ഏഴിന് കൊല്‍ക്കത്തയില്‍ നടന്ന ബിജെപിയുടെ മെഗാ ബ്രിഗേഡ് പരേഡ് റാലിയിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം മിഥുന്‍ ചക്രവര്‍ത്തി വേദി പങ്കിട്ടിരുന്നു. അണികളെ ആവേശം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു അന്ന് മിഥുന്‍ നടത്തിയത്. ഇതിനു പിന്നാലെയാണ് ‘ദാദ’ യുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ സജീവമായത്.
ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്ന അദ്ദേഹം തന്റെ വോട്ട് മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുവേന്ദു അധികാരിക്ക് വേണ്ടി നന്ദിഗ്രാം മണ്ഡലത്തില്‍ മാര്‍ച്ച് 30ന് നടക്കുന്ന പ്രചാരണ റാലിയിലും മിഥുന്‍ ചക്രവര്‍ത്തി പങ്കെടുക്കും. കേന്ദ്രമന്ത്രി അമിത് ഷായും ഈ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post