ന്യൂഡൽഹി: ആസാമിൽ പുറത്തിറക്കിയ പ്രകടന പത്രികയിൽ പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് ബിജെപിയുടെ വാഗ്ദാനം. 30 ലക്ഷം കുടുംബങ്ങൾക്ക് 3000 രൂപ പ്രതിമാസം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ആസാമിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം ശേഷിക്കയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.
പുതുക്കിയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനമെങ്കിലും പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രകടന പത്രികയിൽ ഒന്നും മിണ്ടുന്നില്ല. അതേസമയം, ബംഗാളിലെ പ്രകടന പത്രികയിൽ പൗരത്വ ഭേദഗതി നിയമം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കാൻ തീരുമാനം കൈകൊള്ളുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതേക്കുറിച്ച് അസമിലെ പ്രകടന പത്രിക മൗനം പാലിക്കുകയാണ്.
സിഐഎ എല്ലാ രീതിയിലും നടപ്പിലാക്കുമെന്നും കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്തിന് റദ്ദാക്കാനാകില്ലെന്നും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ വിശദീകരിച്ചു. 30 ലക്ഷം കുടുംബങ്ങൾക്ക് 3000 രൂപ പ്രതിമാസം നൽകുമെന്ന വാഗ്ദാനത്തിന് പുറമെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തിന് ശാസ്ത്രീയമായ പരിഹാരം കാണുമെന്നും ബിജെപി പ്രകടന പത്രികയിൽ പറയുന്നു.