ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്കുന്ന ബില്‍ ലോക്സഭ പാസാക്കി. പുതിയ നിയമപ്രകാരം ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കായിരിക്കും അധികാരം കൂടുതല്‍.
ദി ഗവണ്മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി എന്ന ബില്‍ ഇനി രാജ്യസഭയും പാസാകേണ്ടതുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ബില്‍.
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി ഇടപെട്ട് മൂന്നു വര്‍ഷത്തിനകമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്. ഡല്‍ഹി സര്‍ക്കാരിന്റെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും ഉത്തരവാദിത്വങ്ങള്‍ ബില്‍ കൃത്യമായി നിര്‍വചിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
അതേസമയം, ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ് ബില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരം കവര്‍ന്നെടുത്ത് ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ക്ക് നല്‍കുന്നതാണ് ബില്‍. ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പും ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം ആരായണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ഡല്‍ഹി മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണറെ അറിയിക്കണമെങ്കിലും പോലീസ്, ക്രമസമാധാനം, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്ന് 2018 ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചിരുന്നു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാനാവില്ല. മന്ത്രിസഭയുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കണം. സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള ഭിന്നതകള്‍ രാഷ്ട്രപതിക്ക് വിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Discussion about this post