ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് വീട് നല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ പരസ്യത്തിലെ സ്ത്രീക്കുപോലും വീട് കിട്ടിയില്ല. നരേന്ദ്ര മോഡിയുടെ പിഎംഎവൈ പദ്ധതി വഴി പാവങ്ങള്‍ക്ക് വീട് ലഭിച്ചുവെന്ന പത്ര പരസ്യത്തിലെ ഫോട്ടോയിലുള്ള സ്ത്രീ തന്നെയാണ് തനിക്ക് വീട് കിട്ടിയിട്ടില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.
24 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിവഴി വീട് ലഭിച്ചുവെന്ന പരസ്യത്തിലാണ് കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ അവന്യുവിലെ ലക്ഷ്മി ദേവിയുടെ ചിത്രം അടിച്ചുവന്നത്. പരസ്യത്തിലെ മോഡലായി നില്‍ക്കുന്ന സ്ത്രീയെ പിന്തുടര്‍ന്ന് ‘ന്യൂസ്ലോണ്‍ഡ്രി’ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് പരസ്യത്തിലെ കള്ളത്തരം പുറത്തുവന്നത്. ഫെബ്രുവരി 14, 25 തീയതികളില്‍ പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദമായിരിക്കുന്നത്.
പദ്ധതിയിലൂടെ തനിക്ക് വീട് കിട്ടിയിട്ടില്ലെന്ന് ലക്ഷ്മിദേവി ഉറപ്പ് പറയുന്നു. 500 രൂപ മാസവാടകയ്ക്കാണ് ഇപ്പോഴും താമസിക്കുന്നത്. മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഈ വീട്ടില്‍ത്തന്നെയാണ് താമസം. സാധാരണ പുറത്തെ വരാന്തയിലാണ് ഉറങ്ങുന്നത്. മഴ പെയ്യുമ്പോള്‍ മാത്രം അകത്ത് കിടന്നുറങ്ങും.
പത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ ആദ്യം ഞെട്ടിപ്പോയെന്ന് ലക്ഷ്മി പറഞ്ഞു. എവിടെവച്ച് എടുത്ത ചിത്രമാണെന്നുപോലും ഓര്‍മ്മ കിട്ടിയില്ല. ബാബുഘട്ട് ഗംഗാസാഗര്‍ മേളയില്‍ 10 ദിവസത്തേക്ക് ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്നു. അപ്പോള്‍ ആരോ എടുത്ത ചിത്രമാണെന്നാണ് കരുതുന്നത്. ബംഗാളിലെ ബിജെപി വക്താവിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ‘ന്യൂസ്ലോണ്‍ഡ്രി’ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് നന്ദി പറഞ്ഞ് തനിക്കും വീട് കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് പുഞ്ചിരിക്കുന്ന ലക്ഷ്മിയുടെ ചിത്രത്തിനൊപ്പം തിളങ്ങുന്ന നരേന്ദ്ര മോഡിയുടെ പടവും പരസ്യത്തില്‍ ഉണ്ട് കൂടാതെ ഈ പദ്ധതിക്ക് നന്ദി പറഞ്ഞുകൊണ്ട് 24 ലക്ഷം കുടുംബങ്ങള്‍ ”ആത്മനിര്‍ഭര്‍” അഥവാ സ്വയംപര്യാപ്തതയായി മാറിയെന്നും പരസ്യത്തില്‍ പറയുന്നു.
Discussion about this post