ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താനാകില്ലെന്ന് നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ. ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾക്ക് തന്നെ ഭയപ്പെടുത്താനാകില്ല. ബിജെപിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും അവയെ ഭയക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു.
തന്റെ വീട്ടിൽ റെയ്ഡ് നടത്തിയാൽ ഒന്നും കണ്ടെത്താൻ പോകുന്നില്ല. ജനങ്ങളുടെ ശബ്ദമാകാനാണ് മക്കൾ നീതിമയ്യം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ഭീഷണിയെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്നും അവർക്ക് അറിയാവുന്നതാണെനന്ും കമൽഹാസൻ മലയാളത്തിലെ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
തമിഴ്‌നാട് സർക്കാരിന് എതിരേയും കമൽ ആഞഅഞടിച്ചു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ള അടിസ്ഥാനപ്രശ്‌നങ്ങളിൽ തമിഴ്‌നാട് സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും കമ്മീഷൻ പറ്റുകയാണ്. ജനങ്ങളുടെ നികുതി പണം മറ്റ് മേഖലയിലേക്ക് വഴിമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുള്ളത്. മികച്ച വിജയം നേടുക തന്നെ ചെയ്യുമെന്നും കമൽഹാസൻ വ്യക്തമാക്കി.
അതേസമയം, താൻ പകുതി മലയാളിയാണെന്നു പറയുന്നത് സത്യമാണെന്നും അത്തരത്തിൽ വിശ്വസിക്കുന്ന ധാരാളം മലയാളികൾ കേരളത്തിലുണ്ടെന്നും കമൽ സന്തോഷത്തോടെ പറഞ്ഞു.
Discussion about this post