ഹൈദരാബാദ്: തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന്റെ മകള്‍ സുരഭി വാണി ദേവിയ്ക്ക് വിജയം.
ഭരണകക്ഷിയായ ടിആര്‍എസ് സ്ഥാനാര്‍ഥിയായ വാണി ദേവി മഹാബുബ്നഗര്‍-രംഗറെഡ്ഡി-ഹൈദരാബാദ് ഗ്രാജുവേറ്റ്സ് മണ്ഡലത്തില്‍ നിന്നാണ് ഉപരിസഭയിലേക്കെത്തിയത്.
നിലവില്‍ സിറ്റിങ് എംഎല്‍സിയായ ബിജെപി സ്ഥാനാര്‍ഥി എന്‍ രാമചന്ദര്‍ റാവുവിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മാര്‍ച്ച് 14നായിരുന്നു നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്.
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ 100-ാം ജന്മവാര്‍ഷികം വിപുലമായി കൊണ്ടാടുമെന്ന് നേരത്തെ ടിആര്‍എസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ചിട്ടുണ്ട്. നരസിംഹ റാവുവിന് ഭാരത് രത്ന നല്‍കി ആദരിക്കാനും അദ്ദേഹത്തിന്റെ പ്രതിമ പാര്‍ലമെന്റില്‍ സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള പ്രമേയവും തെലങ്കാന നിയമസഭ പാസാക്കിയിട്ടുണ്ട്.