മുംബൈ: അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സംശയം തോന്നിയാല്‍ അത് കോടതിയില്‍ ചോദ്യംചെയ്യാന്‍ മകള്‍ക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശം. അച്ഛന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തില്‍ സംശയം പ്രകടിപ്പിച്ച് മകള്‍ കുടുംബകോടതിയെ സമീപിച്ചത്. അമ്മ മരിച്ച് അച്ഛന്‍ രണ്ടാമത് വിവാഹിതനാവുമ്പോള്‍ രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിരുന്നില്ല.
അതിനാല്‍ അച്ഛനുമായുള്ള രണ്ടാം വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അറുപത്തിയാറുകാരിയായ മകള്‍ കുടുംബകോടതിയിലെത്തിയത്. 2003-ലാണ് അച്ഛന്‍ പുനര്‍വിവാഹം നടത്തുന്നത്. അച്ഛന്റെ മരണശേഷം 2016-ലാണ് രണ്ടാനമ്മ ആദ്യ വിവാഹത്തില്‍നിന്ന് മോചനം നേടിയിട്ടില്ലെന്ന് അറിയുന്നതെന്ന് ഹര്‍ജിക്കാരി പറയുന്നു.
2003-ല്‍ നടന്ന വിവാഹത്തെ 2016-ല്‍ ചോദ്യംചെയ്യുന്നതിലെ യുക്തി രണ്ടാനമ്മ ചോദ്യംചെയ്തിരുന്നു. വിവാഹബന്ധത്തെ ചോദ്യംചെയ്യാന്‍ ഭാര്യക്കും ഭര്‍ത്താവിനും മാത്രമേ അവകാശമുള്ളൂവെന്നും മക്കള്‍ക്കില്ലെന്നുമുള്ള രണ്ടാനമ്മ വാദിച്ചു. ഈ വാദം കോടതി തള്ളിക്കളഞ്ഞു. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി.