ഋഷികേശ്: കൊവിഡിനെ പ്രതിരോധിക്കാന്‍ ഗായത്രി മന്ത്രത്തിനും പ്രാണായാമത്തിനും സാധിക്കുമോയെന്ന് അറിയാന്‍ ഗവേഷണത്തിനൊരുങ്ങി ഋഷികേശിലെ ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗവേഷണം നടത്തുന്നത്.
20 കൊവിഡ് രോഗികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഗവേഷണം നടക്കുന്നത്. ഗ്രൂപ്പ് എയിലുള്ള രോഗികള്‍ക്ക് കൊവിഡ് ചികിത്സയും ഗായത്രി മന്ത്രോച്ചാരണവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതമുള്ള യോഗാപരിശീലനവും നല്‍കും. ബി ഗ്രൂപ്പിലുള്ള പത്ത് കൊവിഡ് രോഗികള്‍ക്ക് സാധാരണ ചികിത്സയും നല്‍കും. ഇങ്ങനെ ഇവരെ പതിനാല് ദിവസം നിരീക്ഷിക്കും. ശരീരത്തിലെ അണുബാധയിലെ വ്യത്യാസവും പരിശോധിക്കും.
പരീക്ഷണത്തിന് മുന്നോടിയായി അണുബാധയുടെ തോത് അളക്കുന്നതിന് രോഗികളുടെ സി ക്രിയേറ്റീവ് പ്രോട്ടീന്റെ അളവ്, എക്സ് റേ അടക്കമുള്ളവ പരിശോധിക്കും.പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഈ പരിശോധനകള്‍ വീണ്ടും നടത്തും.
ഫെബ്രുവരി അഞ്ചിനാണ് ഈ ഗവേഷണ പദ്ധതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഋഷികേശ് എയിംസിലെ ശ്വാസകോശ രോഗവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ രുചി ദുവാക്കാണ് ഗവേഷണത്തിന്റെ ചുമതല.
Discussion about this post