ചണ്ഡീഗഢ്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. മെഡിക്കല്‍ കോളേജുകളും നേഴ്സിങ് കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31ന് വരെ അടച്ചിടും. സിനിമാശാലകളില്‍ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാളുകളില്‍ ഒരു സമയത്ത് 100 പേരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ചകളില്‍ സിനിമാശാലകള്‍, മള്‍ട്ടിപ്ലക്സുകള്‍, റസ്റ്റോറന്റുകള്‍, മാളുകള്‍ തുടങ്ങിയവ അടച്ചിടും.
രോഗബാധ കൂടുതലുള്ള 11 ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കും. ഈ നഗരങ്ങളില്‍ സാമൂഹ്യമായ കൂടിച്ചേരലുകള്‍ തടഞ്ഞിട്ടുണ്ട്. ശവസംസ്കാരച്ചടങ്ങുകള്‍, വിവാഹങ്ങള്‍ എന്നിവയില്‍ പരമാവധി 20 പേര് മാത്രമേ പാടുള്ളൂ. കൂടാതെ പരിശോധനകള്‍ വര്‍ധിപ്പിക്കാനും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ധിപ്പിക്കും. കൊവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കാനും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കാനും നിര്‍ദേശിച്ചു. കൂടാതെ കൊവിഡ് മൂലം ജീവന് വെടിഞ്ഞവരെ അനുസ്മരിക്കുന്നതിന് എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂര്‍ നിശബ്ദത പാലിക്കാനും തീരുമാനിച്ചു. ഈ സമയത്ത് വാഹനഗതാഗതം അടക്കമുള്ളവ അനുവദിക്കില്ല.
Discussion about this post