കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗാളിലെ പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിയുടെ വിമര്‍ശനം.
മമതാ ബാനര്‍ജിയുടെ ടിഎംസി എന്നാല്‍ ‘ട്രാന്‍സ്ഫര്‍ മൈ കമ്മിഷന്’ എന്നാണെന്ന് മോഡി പരിഹസിച്ചു. അഴിമതിയും വികസന മുരടിപ്പും മമതക്കെതിരെ ആയുധമാക്കി പ്രചാരണച്ചൂടിലാണ് ബിജെപി.
മമത ബാനര്‍ജിയുടെ പരുക്ക് എന്ന അജണ്ടയില്‍ നിന്നും ബംഗാളിലെ പ്രചാരണം മാറ്റാനായിരുന്നു പ്രധാമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമം. വികസന മുരടിപ്പും അഴിമതിയും ഉന്നയിച്ച് മോഡി മമതയെ കടന്നാക്രമിച്ചു. അംഫന്‍ ചുഴലിക്കറ്റില്‍ വീട് നഷ്ടപ്പെട്ടവരില്‍ നിന്ന് പോലും തൃണമൂല്‍ കൈക്കൂലി വാങ്ങിയെന്നും മോഡി ആരോപിച്ചു.
ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളില്‍ എത്തിക്കുകയാണ് ബിജെപിയുടെ നയമെന്നും പുരുലിയ, ജംഗല്‍ മഹല്‍ മേഖലകളില്‍ തൊഴിലിനു പ്രാധാന്യം നല്‍കുമെന്നും പുരുലിയയിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
താന്‍ കടുവയെപ്പോലെയാണെന്നും, ജനങ്ങളുടെ മുന്നിലല്ലാതെ മറ്റാരുടെയും മുന്നില്‍ തലകുനിക്കില്ലെന്നും മമത ബാനര്‍ജി തിരിച്ചടിച്ചു. വോട്ടു തേടിവരുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പാത്രങ്ങള്‍ കൊട്ടി, ബംഗാളില്‍ കലാപം വേണ്ടെന്ന് പറഞ്ഞു തിരിച്ചയക്കാന്‍ മമത ആഹ്വാനം ചെയ്തു. സിപിഎമ്മും, കോണ്‍ഗ്രസ്സും ബിജെപിയുടെ സുഹൃത്തുക്കള്‍ ആണെന്നും മമത ആരോപിച്ചു. ബംഗാള്‍ ജയിച്ച ശേഷം ഡല്‍ഹിയിലെത്തി ബിജെപി സര്‍ക്കാരിനെ പിടിച്ചുകുലുക്കുമെന്നും മമത പറഞ്ഞു.
Discussion about this post