ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസിൽ ജാമ്യം ലഭിക്കാൻ പ്രതി ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. സംഭവം വിവാദമായതോടെ സുപ്രീം കോടതി മധ്യപ്രദേശ് കോടതിയുടെ വിധി റദ്ദാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഒമ്പത് വനിത അഭിഭാഷകർ ചേർന്ന് സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നടപടി.
2020 ഏപ്രിലിൽ നടന്ന ലൈംഗിക അതിക്രമ കേസിൽ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാൻ നിർദേശിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ ഇരയുടെ വീട്ടിലെത്തി കയ്യിൽ രാഖി കെട്ടണമെന്നായിരുന്നു നിബന്ധന.
ഈ വിധിക്കെതിരെ കോടതിയെ സമീപിച്ച വനിത അഭിഭാഷകർ ഇരയെ പ്രതിയിൽ നിന്നും സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ചു. മധ്യപ്രദേശ് കോടതി പ്രതിയോട് ആവശ്യപ്പെട്ടത് ഇരയുടെ വീട്ടിൽ ചെന്ന് രാഖി കെട്ടാനാണെന്നും, ഇത് ഇരയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇരയുടെ കൈയ്യിൽ രാഖി കെട്ടുന്നതിന് പുറമെ, ഇരയുടെ സഹോദരനായി നിന്ന് സംരക്ഷിക്കാനും 11,000 രൂപ നൽകാനും ഇരയുടെ കുട്ടിക്ക് വസ്ത്രവും ഭക്ഷണവും വാങ്ങാൻ 5000 രൂപ നൽകാനും ഇൻഡോർ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു.
Discussion about this post