ന്യൂഡല്‍ഹി: കേരളം ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കേരളത്തെയും ലക്ഷദ്വീപിനെയും ഒഴിവാക്കിയാണ് പല സംസ്ഥാനങ്ങളിലെയും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചത്. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.
ഏപ്രില്‍ ഒന്നുമുതല്‍ മേഘാലയയില്‍ തൊഴിലുറപ്പ് വേതനത്തില്‍ 23 രൂപയുടെ വര്‍ധനവുണ്ടാകുമെന്ന് അറിയിച്ചു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ 3 രൂപവീതമാണ് വേതനം വര്‍ധിപ്പിച്ചിരുക്കുന്നത്. തമിഴ്നാട്ടിലെ വേതനത്തില്‍ 17 രൂപയുടേയും കര്‍ണാടകത്തില്‍ 14 രൂപയുടേയും വര്‍ധനവുണ്ടായിട്ടുണ്ട്. ഹരിയാനയിലെ തൊഴിലുറപ്പ് വേതനം 309 രൂപയില്‍ നിന്ന് ഉയര്‍ത്തി 315 രൂപയാക്കി. പശ്ചിമ ബംഗാളില്‍ 9 രൂപയുടെ വര്‍ധനവുമുണ്ടായി.
രാജസ്ഥാനില്‍ തൊഴിലുറപ്പ് വേതനത്തില്‍ ഒരുരൂപയുടെ വര്‍ധനവ് മാത്രമാണുണ്ടായത്. 2020-2021 വര്‍ഷത്തേക്കാള്‍ വളരെ കുറഞ്ഞ വേതന വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്ന് ഇതിനോടകം ആക്ഷേപം ഉയരുന്നുണ്ട്. 10 കോടി ജനങ്ങള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പുതിയ വേതനവര്‍ധനവ് പ്രാബല്യത്തില്‍ വരും.