കൊല്‍ക്കത്ത: ദരിദ്രരെയും പിന്നോക്കക്കാരെയും ആകര്‍ഷിക്കാന്‍ സാമ്പത്തിക പദ്ധതികളുമായി മമതാ ബാനര്‍ജി പ്രകടനപത്രിക പുറത്തിറക്കി. കാലിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മമതാ പ്രകടനപത്രിക പുറത്തിറക്കിയത്.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കും. പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴിലവസരങ്ങളാവും പുതിയതായി സൃഷ്ടിക്കുക. എല്ലാവര്‍ക്കും അവരുടെ വീട്ടുപടിക്കല്‍ റേഷന്‍ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം നേരിട്ട് പണമായി നല്‍കും. ജനറല്‍ വിഭാഗത്തിലുള്ള ദരിദ്രര്‍ക്ക് വര്‍ഷത്തില്‍ 6,000 രൂപയും പിന്നാക്കക്കാര്‍ക്ക് 12,000 രൂപയും നല്‍കും.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലെയും 1.6 കോടി കുടുംബനാഥകള്‍ക്ക് പ്രതിമാസ ധനസഹായപദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. അതുപ്രകാരം പൊതുവിഭാഗത്തിലെ കുടുംബനാഥകള്‍ക്ക് പ്രതിമാസം 500 രൂപയും എസ്സി/എസ് ടി വിഭാഗങ്ങള്‍ക്ക് 1,000 രൂപയും നല്‍കും.
ചെറിയ, ഇടത്തരം കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കും. ഏക്കറിന് 6,000 രൂപ എന്നത് 10,000 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയുടെ ക്രെഡിറ്റ്കാര്‍ഡ് പദ്ധതിയാണ് മറ്റൊന്ന്.
ഇതിന് നാല് ശതമാനം പലിശ മാത്രമേ ഈടാക്കൂ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബത്തിന്റെ സഹായമില്ലാതെ പഠിക്കാനാവുമെന്നതാണ് പദ്ധതിയുടെ ഗുണമെന്ന് മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഒരു രാഷ്ട്രീയ പ്രകടനപത്രികയല്ലെന്നും വികസനോന്മുഖമായ രേഖയാണെന്നും മമത പറഞ്ഞു.
കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ പ്രകടനപത്രിക പുറത്തിറക്കുന്നത് പല തവണ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 9ാം തിയ്യതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റിവച്ചു. മാര്‍ച്ച് പത്തിനാണ് മമതയ്ക്ക് നന്ദിഗ്രാമില്‍ വച്ച് പരിക്കേറ്റത്.