ലഖ്നൗ: സെപ്റ്റിക് ടാങ്കിൽ വീണുപോയ 10 വസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ചു മരണം. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് പേരാണ് ദാരുണമായി മരണപ്പെട്ടത്.
ഫത്തേഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപുരയിൽ പത്തു വയസുകാരനായ അനുരാഗ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിൽ ടാങ്കിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിഭ്രാന്തരായ മറ്റുള്ളവർ അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കിലേക്ക് വീണുപോവുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
സോനു(25), രാം ഖിലാഡി, ഹരിമോഹൻ(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു.
അപകടത്തിൽ പെട്ടവരെ ഗ്രാമീണർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Discussion about this post