ന്യൂഡൽഹി: നിലവിൽ മൂന്നു കോടി പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ. വിദേശത്തേക്ക് ഇന്ത്യക്കാരുടെ ചെലവിൽ വാക്സിൻ കയറ്റി അയയ്ക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാതെ കേന്ദ്രസർക്കാർ വിദേശത്തേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിൻ കയറ്റിയയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ല. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ വാക്സിന്റെ അളവ് സംബന്ധിച്ച് സർക്കാർ സമിതിയും ഉന്നതതല സമിതിയിലെ വിദഗ്ധരും കണക്കുകൾ തയ്യാറാക്കിവരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാതെ കയറ്റുമതി പാടില്ലെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ വാക്സിനേഷൻ വേഗത്തിലാക്കണം. വാക്സിൻ വിതരണം രാജ്യത്തെമ്പാടും വികേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ ഡോസുകൾ നൽകണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് ഒരു വർഷംകൊണ്ട് രാജ്യമൊട്ടുക്കും വാക്സിൻ നൽകാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വാക്സിൻ വിതരണം സംബന്ധിച്ച കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിൽ കേന്ദ്രമന്ത്രി വിശദീകരണം നൽകിയത്.
Discussion about this post