ചെന്നൈ: തെരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് ഇറങ്ങുന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമൽ ഹാസന്റെ പോരാട്ടം. നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമൽ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്.
വരണാധികാരിക്ക് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് സമ്പാെദ്യമെന്ന് കാണിച്ചിരിക്കുന്നു. കൂടാതെ തന്റെ പേരിൽ പേരിൽ 49.05 കോടിയുടെ വായ്പയുമുണ്ടെന്ന് കമൽഹാസൻ പറയുന്നു. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഏറ്റവും ധനികനായ മത്സരാർത്ഥികളിലൊരാളാണ് കമൽ. തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥാനാർത്ഥിയായ എടപ്പാടി പളനിസ്വാമി സമർപ്പിച്ച രേഖകൾ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം 7.8 കോടി രൂപയും ഡിഎംകെ നേതാവ് സ്റ്റാലിൽ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.