ലഖ്‌നൗ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി. വിവാഹം ഏറെകാലമായി നടക്കാതിരുന്ന് ഒടുവില്‍ സ്വപ്‌നമാംഗല്യം എത്തിയ 34കാരന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് അമ്പരപ്പിക്കുന്ന സംഭവം.
ക്ഷേത്രത്തിലെ വിവാഹചടങ്ങുകള്‍ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ പണവും സ്വര്‍ണ്ണവുമായി മുങ്ങിയത്. ഷാജഹാന്‍പുരിലെ പൊവയാന്‍ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാല്‍ യുവാവിന്റെ സഹോദരഭാര്യ ഒരു ദരിദ്രകുടുംബത്തില്‍നിന്ന് വിവാഹം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് ഇവരെ അറിയാവുന്ന രണ്ടുപേര്‍ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാല്‍ വരന്റെ കൈയില്‍നിന്ന് മുപ്പതിനായിരം രൂപയും സ്വര്‍ണവുമെല്ലാം ഇവര്‍ വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇതിനുശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി.
എന്നാല്‍ മണിക്കൂറുകള്‍ക്കകം വധുവിനെ വീട്ടില്‍നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടുപേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് മനസിലായത്. ശേഷം കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. വധുവിനെയും മറ്റുരണ്ടുപേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പോലീസ് പറയുന്നു.